സാമൂഹ്യചരിത്രം

തിരൂര്‍ താലൂക്കിലെ വളാഞ്ചരി, മാറാക്കര, ഇരിമ്പിളിയം എന്നീ പഞ്ചായത്തുകളുടെയും, പെരിന്തല്‍മണ്ണ താലൂക്കിലെ കുറുവ, മൂക്കനാട് എന്നീ പഞ്ചായത്തുകളുടെയും മധ്യത്തിലാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടയൂര്‍, വടക്കുംപുറം എന്നീ അംശങ്ങള്‍ ചേര്‍ത്തുകൊണ്ട്, 1960-ലാണ് ഈ പഞ്ചായത്ത് രൂപീകരിക്കുന്നത്. വളരെ പുരാതനകാലം മുതല്‍ തന്നെ ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നുവെന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. പൂക്കാട്ടിരി, മാവണ്ടിയൂര്‍ പ്രദേശങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട നന്നങ്ങാടികളും കുടക്കല്ലുകളും മറ്റ് പൌരാണികാവശിഷ്ടങ്ങളും അതാണ് സൂചിപ്പിക്കുന്നത്. പഴയകാലത്തിവിടം വന്‍കാടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു. നായാടികള്‍, ആളര്‍ തുടങ്ങിയ ആദിവാസികള്‍ ഈ കാടുകളില്‍ താമസിച്ചിരുന്നു. മുനാക്കല്‍ പള്ളിക്കു തെക്കുഭാഗത്ത് നായാടിപാറ എന്ന സ്ഥലത്തായിരുന്നു നായാടികളുടെ കേന്ദ്രം. വള്ളുവനാട് രാജാവിന്റെയും സാമൂതിരി രാജാവിന്റെയും അധീനപ്രദേശങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്തിരുന്ന പ്രദേശമായിരുന്നു ഈ പ്രദേശം. അതുകൊണ്ടു തന്നെ രണ്ടു രാജാവിനും നികുതി കൊടുക്കാതെ രക്ഷപ്പെട്ട ജനങ്ങളുടെ നാടായതിനാല്‍ ഇവിടം എടയൂര്‍ എന്ന പേരിലറിയപ്പെട്ടു. എടമന തറവാട്ടിലെ “അങ്ങുന്നമാ”രെന്നറിയപ്പെട്ടിരുന്ന ഒരു കൂട്ടരായിരുന്നു ഈ പ്രദേശത്തെ നാടുവാഴികള്‍. ഈ പഞ്ചായത്തിലെ ഏറെ പൌരാണികമായ പള്ളിയാണ് മൂന്നാക്കല്‍ പള്ളി. മൂന്നാലുകള്‍ നിന്നിരുന്ന പ്രദേശമായതുകൊണ്ടാണ് ഇവിടം “മൂന്നാക്കല്‍ പള്ളി” എന്നറിയപ്പെടാന്‍ ഇടയായതെന്നു പറയപ്പെടുന്നു. പള്ളിക്കുചുറ്റും മുസ്ളീങ്ങള്‍ താമസമാക്കിയതോടെ, അവിടെ കച്ചവടാവശ്യാര്‍ത്ഥം തരകന്‍മാര്‍ തമ്പടിച്ച് വില്‍പനകേന്ദ്രങ്ങള്‍ തുടങ്ങുകയും ക്രമേണ ഒരു വാണിജ്യകേന്ദ്രമായി മുനാക്കല്‍ പള്ളി വികസിക്കുകയും ചെയ്തു. ഇപ്പോഴും ഇതിനടുത്ത കുന്ന് അങ്ങാടിക്കുന്ന് എന്ന പേരിലാണ് അറിയപ്പെടുന്നത്. ചുക്ക്, കുരുമുളക് എന്നിവ വാങ്ങാന്‍ അറബികള്‍ ഇവിടെ വന്നിരുന്നതായി ചരിത്രസൂചനകളുണ്ട്. മലഞ്ചരക്കുകള്‍ ഭാരതപുഴയിലൂടെ പൊന്നാനി തുറമുഖത്തും, കരവഴി തിരൂര്‍ പറവണ്ണ കടപ്പുറത്തും എത്തിച്ചിരുന്നു. ഈ പഞ്ചായത്തിലെ ഏറ്റവും പുരാതനമായ അമ്പലമാണ് പൂക്കാട്ടിയൂര്‍ ക്ഷേത്രം. മൂത്തമല നമ്പൂതിരിമാരാണ് ഈ അമ്പലം സ്ഥാപിച്ചതും നടത്തിപ്പോന്നതും. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും പോരാട്ടങ്ങളില്‍ എടയൂരില്‍ നിന്നുള്ളവരും പങ്കെടുത്തിട്ടുണ്ട്. ഈ പഞ്ചായത്തിലെ കൊട്ടാമ്പാറ തറവാട്ടുകാര്‍ പാരമ്പര്യവൈദ്യരംഗത്തെ പ്രഗത്ഭമതികളായിരുന്നു. സന്നിവാതജ്വരത്തിന് ഇവിടെയുള്ള പ്രത്യേക ചികിത്സ പ്രസിദ്ധമാണ്. പ്രധാന തൊഴില്‍മേഖല കൃഷിയാണെങ്കിലും ആദായകരമല്ലാത്തതിനാല്‍ ഈ രംഗത്ത് നിന്നുമുള്ള ഒഴിഞ്ഞുപോക്കും ധൃതഗതിയിലാണ്. കൂടുതലാളുകളും കെട്ടിടനിര്‍മ്മാണ രംഗത്തേക്കും മറ്റു മേഖലകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. ജാതീയമായ ഉച്ചനീചത്വങ്ങളോ, വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങളോ ഇല്ലാതെ ജനങ്ങള്‍ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന പ്രദേശമാണ് എടയൂര്‍ പഞ്ചായത്ത്.